ബല്ലാത്ത ജാതി നിരൂപണം ------------------------------------------------ സുഡാപ്പി ഫ്രം മൗദൂദിയ

ബല്ലാത്ത ജാതി നിരൂപണം
------------------------------------------------

സുഡാപ്പി ഫ്രം മൗദൂദിയ

'സുഡാനി ഫ്രം നൈജീരിയ' കണ്ടു. മലപ്പുറത്തെ നന്മ വരിഞ്ഞൊഴുകുന്ന ഉമ്മമാരെയും ഫുട്ബോൾ ഭ്രാന്തന്മാരായ ചെക്കന്മാരെയും പള്ളനെറച്ച് കണ്ടു. ഇത്രമേൽ പൊതുമണ്ഡലത്തിന് സ്വീകാര്യമായ മലയാള സിനിമ സമീപകാലത്തുണ്ടായിട്ടില്ല. അരികുവത്കരിക്കപ്പെടുകയും വാർപ്പുമാതൃകകളിൽ കുടുക്കപ്പെടുകയും ചെയ്തിരുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ മറ്റൊരു വശം കാണിക്കാൻ ശ്രമം നടത്തിയ ഈ സിനിമ എന്തുകൊണ്ടായിരിക്കും ഇത്രയധികം സ്വീകാര്യമായിരിക്കുക? നിരൂപണശിങ്കങ്ങളുടെ ഖണ്ഡകാവ്യങ്ങൾ കൊണ്ട് കൊന്നു കൊലവിളിക്കപ്പെട്ട എത്രയോ സമീപകാല  സിനിമകളിൽ നിന്ന് എന്തു വ്യത്യാസമാണ് സുഡാനിക്കുള്ളത്? മുന്നോട്ടുവെക്കുന്ന പ്രമേയം തന്നെയാണ് സുഡാനിയെ വ്യത്യസ്തമാക്കുന്നത്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും മലപ്പുറം മാതൃക ആഘോഷമാക്കിയ ഈ സിനിമ മികച്ച കലാസൃഷ്ടി ആണെന്നതിൽ തർക്കമില്ല. പക്ഷേ, ഒരു സിനിമയെ വിലയിരുത്തുമ്പോൾ ആ സിനിമയുടെ അണിയറ പ്രവർത്തകരുടെ രാഷ്ട്രീയവും അവർ മുന്നോട്ടുവെക്കുന്ന മതവും അവരുടെ ആശയ പ്രപഞ്ചവും നിരൂപണത്തിന്റെ ഭാഗമാക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമായി നിൽക്കേ തന്നെ, ഈ സിനിമയിൽ അതൊഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. കാരണം, ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്ന സക്കരിയയും തുല്യപങ്ക് വഹിച്ച മുഹ്സിൻ പരാരിയും അണിയറ പ്രവർത്തകരും കേരളത്തിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ ആഘോഷമായാണ് സിനിമയെ അവതരിപ്പിക്കുന്നത്.  എന്നാൽ, അതിലെ ഭൂരിഭാഗം പേരും കേരള മുസ്ലിങ്ങളിലെ ഒരു പ്രത്യേക സ്കൂൾ ഓഫ് തോട്ടിൽ ഉൾപ്പെട്ട ആളുകളാണ്. കൃത്യമായി പറഞ്ഞാൽ ജമാഅത്തെ ഇസ്ലാമി എന്നറിയപ്പെടുന്ന മൗദൂദി ചിന്താധാരയുടെ ആളുകളാണ്. സക്കരിയ മീഡിയ വൺ സ്കൂളിലെ അധ്യാപകനും എസ് ഐ ഒ ചർച്ചകളിലെ സ്ഥിരസാന്നിധ്യവുമാണ്. മുഹ്സിൻ പരാരി എസ് ഐ ഒയുടെ കേരള ഷൂറ അംഗമായിരുന്നു. അപ്പോൾ തിരിച്ചൊരു ചോദ്യമുണ്ടാവുക, ജമാഅത്തെ ഇസ്ലാമികാർക്ക് സിനിമ ചെയ്യാൻ പാടില്ലേ എന്നാണ്. ജമാഅത്തെ ഇസ്ലാമിക്കാർക്കെന്നല്ല, സാക്ഷാൽ എപി സുന്നികൾക്ക് വരെ സിനിമ ചെയ്യാം. പക്ഷേ ജമാഅത്തെ ഇസ്ലാമിക്കാർ ചെയ്യുന്ന സിനിമ ഇങ്ങനെ ആയിരിക്കുമോ എന്നതാണ് സുഡാനിയുടെ പശ്ചാത്തലത്തിൽ ചോദ്യമായി തീരുന്നത്.
ആ സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയണമെങ്കിൽ മുഹ്സിൻ പരാരി ഒരു വർഷം മുമ്പ് സംവിധാനം ചെയ്ത KL 10 പത്ത് എന്ന, മലപ്പുറം പ്രാതിനിധ്യം പൊളിച്ചടുക്കി എന്നൊക്കെ പറഞ്ഞ് ആഘോഷിച്ച സിനിമ കണ്ടാൽ മതിയാവും. ജമാഅത്തെ ഇസ്ലാമിയുടെ വരണ്ടുണങ്ങിയ മലപ്പുറത്തെയായിരുന്നു ആ സിനിമ കാണിച്ചിരുന്നത്. മലപ്പുറം എന്ന ആ ഭൂമികയിലെ ഒഴിച്ചുകൂടാനാവാത്ത മുസ്ലിം ലീഗോ, കേരളത്തിലെ സൂഫി ഇസ്ലാമോ, അത്തരത്തിലുള്ള സഹിഷ്ണുതയുടെ ഇടങ്ങളോ സ്പർശിക്കാതെ വരണ്ടുണങ്ങിയ ഇസ്ലാമിനെ കാണിച്ച ആ സിനിമക്ക് മലപ്പുറത്ത് പോലും നിറയെ കാണികളുണ്ടായില്ല.
അതേ സമയം, സുഡാനി ആഘോഷമാക്കിയിരിക്കുന്നത് മുസ്ലിം സ്ത്രീയുടെ നിഷ്ങ്കളങ്കതയാണ്. അത് കാണിക്കാൻ വേണ്ടി അന്യമതസ്ഥനായ ഒരു ചെറുപ്പക്കാരൻ  അസുഖം ബാധിച്ചു കിടന്നപ്പോൾ അവന് ശുശ്രൂഷ നൽകിയ ഉമ്മമാരുടെ കഥയാണ് സിനിമ പറഞ്ഞത്. സാമുവലിന് വേദനിച്ചപ്പോൾ അവനെ മന്ത്രിച്ചും അവന്റെ മുത്തശ്ശി മരിച്ചപ്പോൾ ക്രിസ്ത്യാനിയായ അവർക്ക് വേണ്ടി കണ്ണോക്ക് നടത്തിയും മലപ്പുറത്തെ സ്ത്രീയെ, ഉമ്മയെ സിനിമ ആഘോഷമാക്കുന്നു. സാമുവലിന്റെ രോഗശാന്തിക്കായി ആ ഉമ്മമാർ മമ്പുറത്ത് പോവുന്നതും മമ്പുറം തങ്ങളുടെ ബർക്കത്തിന്റെ എണ്ണ കൊണ്ടുവന്ന് അവന്റെ വായിലേക്കൊഴിക്കുന്നതും സിനിമ അതിവിദ്ഗദമായി കാണിക്കുന്നു.
ഇനിയാണ് ചോദ്യം. മുസ്ലിം സമുദായത്തിലെ ഇത്തരം സഹിഷ്ണുതയിലും സ്നേഹത്തിലും മുഹ്സിൻ പരാരിയും സക്കരിയയും ഉറച്ചു വിശ്വസിക്കുന്നുണ്ടോ? അന്യമതസ്ഥനായ, ആഫ്രിക്കകാരനായ, കറുത്തവനായ സാമുവലിന്റെ മുത്തശ്ശി മരിച്ചതിന് നെയ്ച്ചോറ് വെച്ച് യാസീൻ ഓതിച്ച സക്കരിയയുടെ സിനിമയിലെ ഉമ്മമാർ ഇസ്ലാമാണെന്ന് സക്കരിയയുടെയും മുഹ്സിൻെറയും ഇസ്ലാം പറയുന്നുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. എന്തനധികം, ഓണത്തിന് അന്യമതസ്ഥരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതു പോലും അനിസ്ലാമികവും ശിർക്കുമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മത ചിന്തയുടെ ആളുകൾക്കെങ്ങനെയാണ് വീട്ടിൽ മുസ്ല്യാരുട്ടികളെ കൊണ്ടുവന്ന് അന്യമതസ്ഥന്റെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന്റെ ചോറുവിളമ്പാൻ കഴിയുക? ഈ കഥയിൽ മുസ്ലിങ്ങളുടെ സഹിഷ്ണുതയുടെ ചരിത്രം പറയണമെങ്കിൽ പാരമ്പര്യമായി കൊണ്ടു നടന്നിരുന്ന, ഈ നാടിന്റെ സാംസ്കാരിക പരിസരത്ത് രൂപപ്പെട്ട ഇസ് ലാമും ഈ നാടിന്റെ സംസ്കാരവുമാണ് ഉപകാരപ്പെടുക എന്ന ബോധ്യത്തിൽ നിന്നാണ് സിനിമ ഈ കാഴ്ചകളെ പകർത്തുന്നത്. അത്തരം സംസ്കാരത്തിനും പാരമ്പര്യത്തിനും തുരങ്കം വെക്കാൻ ആശയലോകത്ത് പ്രവർത്തിക്കുകയും സിനിമയിലേക്ക് വരുമ്പോൾ പോപ്പുലർ കൾച്ചറായി അതിനെ മാർക്കറ്റിങ്ങിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ സ്ഥിരം കാപട്യങ്ങളിലൊന്നായാണ് ഈ സിനിമയെ ഞാൻ മനസ്സിലാക്കുന്നത്. സിനിമയിൽ മലപ്പുറത്തിന്റെ കഥ പറഞ്ഞിട്ടു പോലും മുസ്ലിം ലീഗിന്റെ പച്ചക്കൊടി എവിടെയും വന്നില്ല എന്നതും യാദൃശ്ചികമല്ല. എന്നാൽ, ആക്കോട്ടങ്ങാടിയെ പോലുള്ള ഒരുൾനാടൻ മലപ്പുറം ഗ്രാമത്തിൽ വലിയഫ്രെയിമിൽ ചെഗുവേരയും ചെങ്കൊടിയും വന്നതും ബോധപൂർവം തന്നെയാണ്.  മലപ്പുറത്തിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രാതിനിധ്യമാണ് ഇതെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ കാലങ്ങളായി ജമാഅത്തെ ഇസ്ലാമിയും എസ് ഐ ഒ യും മാധ്യമം പത്രവും ഇപ്പോൾ ഫ്രറ്റേണിറ്റിയും കാണിച്ചും ഉപയോഗിച്ചും കൊണ്ടിരിക്കുന്ന പൊതുമണ്ഡലത്തിലേക്കും പൊതുവിടങ്ങളിലേക്കും നുഴഞ്ഞുകയറാനുള്ള, പോപ്പുലർ കൾച്ചറിനേയും മതേതര ചിഹ്നങ്ങളെയും ഉപയോഗിക്കുക എന്ന തന്ത്രമാണ് ഇവിടെയും പയറ്റിയത്. ഈ സിനിമ സത്യസന്ധമായ സഹിഷ്ണുതയുടെ ആവിഷ്കാരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, ആ സഹിഷ്ണുതക്കും സ്നേഹത്തിനും തുരങ്കം വെക്കുന്നതിൽ നിങ്ങളടങ്ങുന്ന  സംഘടനയ്ക്കും പങ്കുണ്ടെന്ന് കൂടി അണിയറ പ്രവർത്തകർ എങ്കിലും തിരിച്ചറിയുന്നത് നന്നായിരിക്കുo

സഹീദ് റൂമി




Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??

പഴുതാര (കലക്കുന്നൻ) വിഷം..