വെറുതെ ചര്‍‌ച്ച ചെയ്‌ത് വഷളാക്കരുത്, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നിനെ വച്ച്‌ പടം ചെയ്യുമെന്ന് രാജീവ് രവി

ഷെയ്‌ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ രാജീവ് രവി രംഗത്ത്. കാര്യങ്ങള്‍ വെറുതെ ചര്‍ച്ച ചെയ്‌ത് വഷളാക്കരുതെന്നും, വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഷെയ്‌നെ വച്ച്‌ പടം ചെയ്യുമെന്നും രാജീവ് വ്യക്തമാക്കി. ഷെയ്‌ന്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആര്‍ട്ടിസ്‌റ്റാണ്. ആര്‍ക്കും അവനെ ഒതുക്കാനൊന്നും പറ്റില്ല. ഷെയ്‌ന് തന്റെ അസിസ്റ്റന്റ് ആകണമെന്നു നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോള്‍ പണി ഇല്ലാതെ ആയാല്‍ താന്‍ അവനെ അസിസ്റ്റന്റ് ആവാന്‍ വിളിക്കുമെന്നും, തന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും ഷെയ്‌ന് ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിനോടായിരുന്നു രാജീവ് രവിയുടെ പ്രതികരണം.

'ഷെയ്‌നിന്റെ കാര്യത്തില്‍ പ്രതികരിക്കാതെ ഇരിക്കുകയാണ് ചെയ്യേണ്ടത്.

ആരും ഇതില്‍ പ്രതികരിക്കേണ്ട. താനെ പ്രശ്നം പരിഹരിക്കപ്പെട്ടോളും. സിനിമ അങ്ങനെ നിറുത്താനൊന്നും പറ്റില്ല. ചെയ്തല്ലേ പറ്റൂ. വെറുതെ അതു ചര്‍ച്ച ചെയ്തു വഷളാക്കി ആള്‍ക്കാരെ വാശി പിടിപ്പിക്കേണ്ട വിഷയമല്ല. ജനങ്ങളും മാധ്യമങ്ങളുംചേര്‍ന്ന് ചര്‍ച്ച ചെയ്തു വഷളാക്കേണ്ട യാതൊരു ആവശ്യമില്ല. ഇതു ഷെയ്നും സംവിധായകരും തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഷെയ്‌നെ വിളിച്ചത് സംവിധായകരാണ്. സംവിധായകരുടെ ക്രിയേറ്റിവിറ്റിയാണ് സിനിമ. അവര്‍ക്ക് സിനിമ ചെയ്‌തേ പറ്റുള്ളൂ. അവര്‍ക്കത് പകുതിയില്‍ വച്ചുപേക്ഷിക്കാന്‍ പറ്റുമോ? അവര്‍ക്കത് സമ്മതിക്കാന്‍ പറ്റുമോ? അവരും ഷെയ്നും കൂടി ചര്‍ച്ച ചെയ്ത്, നിര്‍മാതാക്കളെ കണ്ട് അതിനൊരു പരിഹാരം കണ്ടെത്തണം.'

'അങ്ങനെ ഒതുക്കാനൊന്നും പറ്റില്ല'

'അവനൊരു കൊച്ചു പയ്യനല്ലേ? അവനെ നമ്മള്‍ അങ്ങനെയല്ലേ കാണേണ്ടത്? അതാണ് ഞാന്‍ പറഞ്ഞത്, ഇക്കാര്യം നമ്മള്‍ വെറുതെ സംസാരിച്ച്‌ വഷളാക്കുകയാണ്. അവന്‍ നല്ല പൊട്ടെന്‍ഷല്‍ ഉള്ള ആര്‍ടിസ്റ്റാണ്. അവന്റെ സമയം കളയേണ്ട കാര്യമില്ല. അവനെ അങ്ങനെ ഒതുക്കാനൊന്നും പറ്റില്ല. അങ്ങനെ ഒതുക്കാവുന്ന കൂട്ടത്തിലുള്ള ആളല്ല അവന്‍. ടാലന്റഡ് ആയിട്ടുള്ള പയ്യനാണ്. നമ്മുടേത് ഒരു ചെറിയ പൊട്ടക്കുളമല്ലേ? ഇതില്‍ എത്ര ഗ്രൂപ്പ് ഉണ്ടാകാനാണ്? ആകെ കുറച്ചു ആളുകളല്ലേ ഉള്ളൂ. എല്ലാവരും തമ്മിലറിയാവുന്ന ആളുകളാണ്. ഇത് എല്ലായിടത്തും ഉള്ളതാണ്. സിനിമയില്‍ മാത്രമല്ലല്ലോ! അക്കാദമികളിലും ഇന്‍സ്റ്റിറ്റിയൂട്ടുകളിലുമെല്ലാം നടക്കുന്ന കാര്യമാണ്. ഇവനെ ഇങ്ങനെ ചര്‍ച്ച ചെയ്ത് ഇല്ലാതെയാക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. അവന്‍ അവന്റെ പണി ചെയ്തുപോകട്ടെ!,'

'ഷെയ്‌ന് എന്റെ അസിസ്റ്റന്റ് ആകണമെന്നുനേരത്തെ പറഞ്ഞിട്ടുള്ളതാണ്. അവനിപ്പോള്‍ പണി ഇല്ലാതെ ആയാല്‍ ഞാന്‍ അവനെ അസിസ്റ്റന്റ് ആവാന്‍ വിളിക്കും. അവന് താല്‍പര്യം ഉണ്ടെങ്കില്‍ എന്റെ കൂടെ വന്ന് അസിസ്റ്റ് ചെയ്യട്ടെ. അവനെ ജീവിതകാലം വിലക്കാനാണ് ഉദ്ദേശമെങ്കില്‍ ഞാന്‍ അവനെ വച്ച്‌ പടവും ചെയ്യും. അതില്‍ സംശയമില്ല. എനിക്കിഷ്ടമുള്ള ആര്‍ടിസ്റ്റാണ്. അതില്‍ ഒരു സംശയവുമില്ല. എന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും അവനുണ്ടാകും. പക്ഷേ, എല്ലാവരുംചേര്‍ന്ന്, അവന്റെ പ്രായത്തെ മാനിച്ച്‌ അവനെ തിരിച്ചെടുക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന'- രാജീവ് രവിയുടെ വാക്കുകള്‍.

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??