Skip to main content

250 – 300 രൂപയ്ക്ക് കായൽ സൗന്ദര്യം ആസ്വദിക്കാം..ചൂണ്ടയിടാം…മീൻ കഴിക്കാം…

മറ്റു സ്‌ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഒരു പകൽ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്ന നിലയിലാണ് പാലാക്കരി ആളുകൾക്കിടയിൽ പ്രശസ്തമായത്.

വെറും 250 – 300 രൂപയ്ക്ക് ഒരു ദിവസത്തെ ട്രിപ്പോ? ഇതു കേട്ട് ആരും നെറ്റിചുളിക്കണ്ട. ഫാമിലിയുമായി കറങ്ങുവാൻ ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 250 – 300 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ നിങ്ങൾ വിശ്വസിച്ചേ മതിയാവൂ… ബാഗും പാക്ക് ചെയ്ത് സ്വതന്ത്രമായി ഒരു ട്രിപ്പടിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. കാടും മലയിലും കയറി ഇറങ്ങിയില്ലെങ്കിലും, വിമാനത്തിൽ ലോകം കറങ്ങിയില്ലെങ്കിലും ചെറുതെങ്കിലും നമ്മൾ നമുക്കായ് മാത്രം മാറ്റി വയ്ക്കുന്ന യാത്രകൾ മനസിന് നൽകുന്ന സന്തോഷവും അനുഭൂതിയും ഒന്ന് വേറെ തന്നെയാണ് അല്ലേ?

പലപ്പോഴും നമ്മുടെ പല യാത്രകളേയും പിന്നോട്ട് അടിക്കുന്നത് സാമ്പത്തികം എന്ന കടമ്പയാണെന്നതിന് ഒരു സംശയവും വേണ്ട. ചിലപ്പോഴൊക്കെ ജോലി സ്ഥലത്ത് നിന്നുള്ള അവധിയും യാത്രയ്ക്ക് വില്ലനായേക്കാം. യാത്രയ്ക്ക് ഉള്ള പണം ഉണ്ടെങ്കിൽ രണ്ട് നേരം പുറത്ത് നിന്ന് കുടുംബവും ഒത്ത് ലാവിഷായി ഭക്ഷണം കഴിക്കാമെന്ന് വിചാരിക്കുന്നവരാണ് ഭൂരിപക്ഷവും. അങ്ങനെയെത്ര യാത്രകളാണ് ഹോട്ടൽ ബില്ലിൽ അവസാനിച്ചത് അല്ലേ? എത്ര യാത്രകൾ സിനിമ കണ്ടും തിന്നും ഒതുക്കിയിട്ടുണ്ട് നമ്മൾ. ഇതിൽ നിന്നും വ്യത്യസ്തമായി ഒരൊറ്റ ദിവസത്തേക്ക് പ്രകൃതിയുടെ മടിത്തട്ടിലേക്ക് മടങ്ങുന്ന ഒരു യാത്രയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നിങ്ങൾ വിശ്വസിച്ചേ മതിയാവൂ…

അങ്ങനൊരു സ്ഥലമുണ്ട്. കോട്ടയത്താണ് ആ സ്ഥലം. കൃത്യമായി പറഞ്ഞാൽ കോട്ടയത്തെ പാലാക്കരി. മത്സ്യഫെഡിന്റെ അക്വാ ടൂറിസം ഫാമായ കോട്ടയം വൈക്കത്തിനടുത്തുള്ള ചെമ്പ് ഗ്രാമത്തിലെ പാലാക്കരി ഫാമിൽ ഒരുക്കിയിരിക്കുന്നത് ഒരു ദിവസം മുഴുവനും ആസ്വദിക്കുവാനുള്ള കാര്യങ്ങളാണ്. മതിയാവോളം കായലിന്റെ സൗന്ദര്യം നുകരാനും, ചൂണ്ടയിടാനും, ഊഞ്ഞാലാടി യാത്ര ആസ്വദിക്കാനുമെല്ലാം വേണ്ടിയുള്ള തുകയാണ് ഈ 250 – 300 രൂപ!

കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ മൂന്നു ജില്ലകൾ തമ്മിൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് ഇതുള്ളത്. പ്രശസ്ത നടൻ മമ്മൂട്ടിയുടെ നാടു കൂടിയാണ് പാലാക്കരി സ്ഥിതി ചെയ്യുന്ന ചെമ്പ് ഗ്രാമം. ഇതു കൂടാതെ മറ്റു പല പ്രത്യേകതകളും ഈ സ്ഥലത്തിനുണ്ട്. മൂവാറ്റുപുഴയാറ്‍ വേമ്പനാട് കായലുമായിചേരുന്ന ഇടവും ഇതുതന്നെയാണ്. കായൽ കാഴ്ചകൾ കണ്ടുകൊണ്ടാണ് ഇവിടുത്ത കറക്കം ആരംഭിക്കേണ്ടത്. ഉച്ചവരെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള യാത്ര. മൂന്നു പേർക്കും അഞ്ചു പേർക്കും കയറാവുന്ന ബോട്ടുകൾ, പെഡൽ ബോട്ടുകൾ, തുഴബോട്ട് എന്നിവ സഞ്ചാരികൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം. കുട്ടികൾക്ക് സുരക്ഷിതമായി ബോട്ടു സവാരി ചെയ്യുന്നതിനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഒന്ന് നീന്തണം എന്നുണ്ടെങ്കിൽ ആഴം കുറഞ്ഞ ഭാഗത്ത് അതിനുളള സൗകര്യമുണ്ട്. കാറ്റ് നിറച്ച ട്യൂബുകളും ഇവിടെ കിട്ടും.

ബോട്ടിങ് കഴിഞ്ഞാൽ തെങ്ങുകൾക്കു ചുവട്ടിൽ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ കായൽക്കാറ്റേറ്റ് വിശ്രമവും അത് പോരാത്തവർക്ക് വലയൂഞ്ഞാലും ഇനിയും മടുത്തില്ലെങ്കിൽ മീൻ പിടിക്കാനുള്ള സൗകര്യവും ഒക്കെയായി ഒത്തിരി കാര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഞെട്ടില്ലെങ്കിൽ ഒന്നുകൂടി പറയാം മീൻ കറിയും, ഫ്രൈയും കൂട്ടി ഒന്നാന്തരം ഊണും കൂടി ഈ പാക്കേജിലുണ്ട്, പോരാത്തതിന് ഐസ്ക്രീമും. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. അധികം പണം നൽകണമെന്ന് മാത്രം. പത്ത് രൂപ നൽകിയാലാണ് ചൂണ്ടയിടാൻ അനുവാദം ലഭിക്കുക. വെറുതേയല്ല ഈ ചൂണ്ടയിടൽ, തുച്ഛമായ തുക നൽകി ഈ മീൻ വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം. പട്ടം പറത്താനും നീന്തൽ പഠിക്കാനും ഒക്ക ഇവിടെ ആളുകൾ എത്താറുണ്ട്. വിദൂര സൗന്ദര്യം ആസ്വദിക്കാൻ വാച്ച്ടവറുകളുമുണ്ട്. വിവാഹ വിഡിയോ ചിത്രീകരണത്തിനു അനുയോജ്യമായ സ്ഥലംകൂടിയാണ് ഇത്. രണ്ടു മണിക്കൂറിന് 100 രൂപയാണ് അതിന്റെ ചാർജ്.

200 രൂപയ്ക്ക് ഒരു പകൽ മുഴുവൻ ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലമാണ് പാലാക്കരി അക്വാഫാം. രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്ക് പ്രവേശന ഫീസ് 200 രൂപയും അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളകുട്ടികൾക്ക് 150 രൂപയുമാണ്. എന്നാൽ വൈകീട്ടാണ് നിങ്ങളുടെ സന്ദര്ശനമെങ്കിൽ ചാർജ്ജ് ഇനിയും കുറയും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയുള്ള സമയത്ത് ഇവിടെ സന്ദർശിക്കുവാൻ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയും നൽകിയാൽ മതി. ഇതിൽ ഭക്ഷണം ഒന്നും ഉണ്ടാകില്ല.

മറ്റു സ്‌ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ കുടുംബസമേതം ഒരു പകൽ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമെന്ന നിലയിലാണ് പാലാക്കരി ആളുകൾക്കിടയിൽ പ്രശസ്തമായത്. ഇവിടെയെത്തി തൃപ്തിയോടെ മടങ്ങുന്ന സഞ്ചാരികൾ തന്നെയാണ് ഈ മനോഹര സ്ഥലത്തെ പുറംലോകത്തിനു പരിചയപ്പെടുത്തി കൊടുത്തതും. വൈക്കം – പൂത്തോട്ട – തൃപ്പൂണിത്തുറ റൂട്ടിൽ കാട്ടിക്കുന്നിൽ ഇറങ്ങിയാൽ പാലാക്കാരിയിലേക്ക് എളുപ്പത്തിൽ എത്താം. തൃപ്പൂണിത്തുറയിൽ നിന്നും ഫാമിലേക്ക് 15 കിലോമീറ്ററും എറണാകുളത്തു നിന്നും 24 കിലോമീറ്ററും കുമരകത്തു നിന്നും 25 കിലോമീറ്ററും കോട്ടയത്തു നിന്നും 43 കിലോമീറ്ററുമാണ് ദൂരം. വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്ന നമ്പറുകൾ: 04829273314, 9400993314, 9496001900.

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് -വിവിധ ഓൺലൈൻ മാധ്യമങ്ങളും ട്രാവൽ ഗ്രൂപ്പുകളും. ചാർജ്ജുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം.

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??