ഒരേ ഒരു ചോദ്യം, തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി പിച്ചൈ; ഇകൊമേഴ്‌സ് നിയമങ്ങള്‍ക്കെതിരെ ടാറ്റയും


ഇന്ന് ലോകത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനത്തിരിക്കുന്ന, കൂടുതൽ പ്രതിഫലം വാങ്ങുന്ന വ്യക്തികളിലൊരാളാണ് ഗൂഗിളിന്റെയും ആല്‍ഫബറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈ. ലോകമെമ്പാടുമുള്ള നൂറുകണക്കിന് കോടി ജനങ്ങൾ കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രൊഡക്ടുകളാണ് അദ്ദേഹം നിയന്ത്രിക്കുന്നത്. ഈ പ്രൊഡക്ടുകളാകട്ടെ അനുദിനമെന്ന വണ്ണം പുതുമകള്‍ കൊണ്ടുവരികയും ചെയ്യുന്നു. ഇതിന്റെയൊക്കെ മേല്‍നോട്ടം വഹിക്കുക, അവയ്‌ക്കൊപ്പം സ്വയം നിവീകരിച്ചുകൊണ്ടിരിക്കുക തുടങ്ങിയ കാര്യങ്ങളൊന്നും സാധാരണക്കാര്‍ക്ക് ചെയ്യാന്‍ അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. പിച്ചൈയുടെ ഉത്തരവാദിത്വങ്ങള്‍ അനവധിയാണ്. അദ്ദേഹത്തെ അദ്ദേഹമാക്കി മാറ്റുന്ന രഹസ്യച്ചേരുവകള്‍ എന്തെല്ലാമാണ്? അത്തരമൊരു വെളിപ്പെടുത്തലാണ് ഇങ്ക്.കോമിന്റെ ജസ്റ്റിന്‍ബാരിസ്‌മോയുമായുള്ള അഭിമുഖത്തില്‍ പിച്ചൈ നടത്തിയത്.

തന്നോട് തന്നെ ആവര്‍ത്തിച്ചു ചോദിച്ചുപോരുന്ന ചോദ്യം താന്‍ പഠിച്ചെടുത്തത് ഗുരുക്കന്മാരില്‍ ഒരാളായ ബില്‍ ക്യാംപ്ബലില്‍ നിന്നാണെന്ന് പിച്ചൈ പറയുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചും, പിന്നീട് ബിസിനസ് കോച്ചുമായിരുന്നു അദ്ദേഹം. തങ്ങള്‍ കണ്ടുമുട്ടിയപ്പോഴൊക്കെ ബില്‍ തന്നോട് ഒരു ചോദ്യം ചോദിക്കുമായിരുന്നു എന്നാണ് പിച്ചൈ പറഞ്ഞത്. 'താങ്കള്‍ ബന്ധങ്ങള്‍ വിച്ഛേദിക്കുന്നുണ്ടോ? ഈ ആഴ്ച എന്തു ബന്ധമാണ് വിച്ഛേദിച്ചത്?' ബിസിനസിന്റെ സന്ദര്‍ഭം പരിഗണിച്ചാല്‍ എന്തുമാത്രം മുന്നേറാനായി എന്നായിരുന്നു അദ്ദേഹം ചോദിച്ചുവന്നത്. സഹപ്രവര്‍ത്തകര്‍ക്കുണ്ടായ എന്തെല്ലാം സ്തംഭനാവസ്ഥയാണ് പൊട്ടിച്ചുകളഞ്ഞത്, എന്നൊക്കെയാണ് ആ ചോദ്യത്തിലുള്ളത്.

കമ്പനിയിലെ മീറ്റിങ്ങുകളില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ഗുണകരമായ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിലും ഉണ്ട് ഒരു പിച്ചൈ ടച്ച്. സംഭാഷണങ്ങളില്‍ പൂര്‍ണമായി മുഴുകാന്‍ ആയിരിക്കും അദ്ദേഹം അവരെ പ്രേരിപ്പിക്കുക. വെര്‍ച്വല്‍ മീറ്റിങ്ങുകളല്ലെങ്കില്‍ മേശയ്ക്കു ചുറ്റുംനടന്ന്, ഓരോരുത്തരുടെയും അടുത്തു നിന്ന്, അഭിപ്രായങ്ങള്‍ ആരായുന്ന രീതിയാണ് പിച്ചൈയുടേത്. അന്തര്‍മുഖരുടെ വരെ അഭിപ്രായങ്ങളും, വീക്ഷണകോണുകളും പുറത്തുകൊണ്ടുവരാന്‍ ആദ്ദേഹത്തിനു സാധിച്ചിരുന്നു. പിച്ചൈയെ പോലെ നല്ല ലീഡര്‍ ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യണം എന്നാണ് ബില്‍ പറയുന്നത്: അവയില്‍ പ്രധാനപ്പെട്ടത്, 'എന്തു ബന്ധങ്ങളാണ് ഈ ആഴ്ച വിച്ഛേദിച്ചത്?' എന്ന ചോദ്യമാണ്.

ഇതിനു ശേഷം ഈ മൂന്നു കാര്യങ്ങളിലും ശ്രദ്ധിക്കണമെന്നാണ് ബില്‍ നല്‍കുന്ന ഉപദേശം: ആരെയെല്ലാമാണ് സന്തോഷിപ്പിക്കേണ്ടത് എന്നിതന്റെ ഒരു പട്ടിക തയാറാക്കുക. പുരോഗതി ലക്ഷ്യമിടുക, പൂര്‍ണതയ്ക്കായി ശ്രമിക്കേണ്ട. വിഗഹവീക്ഷണം ശീലിക്കുക.

∙ പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ടാറ്റയും 

ഇന്ത്യ അണിയറയില്‍ തയാറാക്കുന്ന പുതിയ ഇകൊമേഴ്‌സ് നിയമങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ടാറ്റാ ഗ്രൂപ്പും മുന്നറിയിപ്പു നല്‍കി. ആമസോണും ഇക്കാര്യം അറിയിച്ചു. രാജ്യത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന 'ഇന്‍വെസ്റ്റ് ഇന്ത്യ'യുടെ മീറ്റിങ്ങിലാണ് ഇരു കമ്പനികളും തങ്ങളുടെ ആശങ്ക രേഖപ്പെടുത്തിയത്. കൊണ്ടുവരാന്‍ ശ്രമിക്കുന്ന പല നിയമങ്ങളും വ്യക്തമായി നിര്‍വചിക്കാത്തത് ഒരു പ്രശ്‌നമാണ്, നിര്‍ദേശങ്ങള്‍ വയ്ക്കാനുള്ള അവസാന തിയതി ജൂലൈ 6 ആണ് എന്നതും ശരിയാണോ എന്നും അവര്‍ ചോദിക്കുന്നു. തിയതി നീട്ടിവയ്ക്കണം എന്നാണ് മിക്കവരും ആവശ്യപ്പെട്ടിരിക്കുന്നത്.

കടുത്ത നിയമങ്ങളാണ് ജൂണ്‍ 21ന് പുറത്തിറക്കിയിരിക്കുന്ന കരട് രേഖകളിലുള്ളത്. ഇത് ഉപയോക്താക്കളുടെ സംരക്ഷണത്തിനാണ് എന്നാണ് സർക്കാർ പറയുന്നതെങ്കിലും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇവയെക്കുറിച്ച് ആശങ്കയുണ്ട്. ഫ്‌ളാഷ് സെയിലുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും, തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ പാടില്ലെന്നും, പരാതികള്‍ പരിഹരിക്കാനായി സംവിധാനം വേണമെന്നുമാണ് നിര്‍ദേശങ്ങള്‍. ഇവയില്‍ പലതും പാലിക്കണമെങ്കില്‍ ആമസോണും, ഫ്‌ളിപ്കാര്‍ട്ടും ഇപ്പോള്‍ നടത്തിവരുന്ന രീതികളില്‍ മിക്കതും ഉടച്ചുവാര്‍ക്കേണ്ടിവരും. കൂടാതെ, ഇന്ത്യയില്‍ തന്നെയുള്ള വില്‍പനശാലകളായ ബിഗ്ബാസ്‌കറ്റ്, ജിയോമാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ പണം ചെലവിടേണ്ടതായി വരുമെന്നു പറയുന്നു. കോവിഡ്-19 ചെറുകിട വ്യാപാരികള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ആമസോണ്‍ പറയുന്നു. പുതിയ നിയമങ്ങള്‍ ആമസോണ്‍ വഴി വില്‍പന നടത്തുന്ന പല കച്ചവടക്കാരെയും ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഫ്‌ളിപ്കാര്‍ട്ടും ആമസോണും പോലെയുള്ള മാര്‍ക്കറ്റ് പ്ലെയ്‌സുകള്‍ നടത്തുന്നവര്‍ അവയിലൂടെ സ്വന്തമായി വ്യാപാരം നടത്തരുതെന്ന് പുതിയ നിയമങ്ങള്‍ പറയുന്നു. ഇത് ആമസോണിന് കടുത്ത തിരിച്ചടി നല്‍കുമെന്നും വാര്‍ത്തകളുണ്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വില്‍പനക്കാരായ ക്ലൗഡ്‌ടെയില്‍, അപ്പാരിയോ എന്നീ സെല്ലര്‍മാരില്‍ ആമസോണ്‍ പരോക്ഷ നിക്ഷേപം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

∙ ആഘാതം ടാറ്റയ്ക്കും

രാജ്യത്തെ 100 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായ ടാറ്റയ്ക്കും പുതിയ നിയമങ്ങളുടെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അവര്‍ക്കു നിക്ഷേപമുള്ള കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ ഉല്‍പന്നങ്ങള്‍ ടാറ്റാ മാര്‍ക്കറ്റ്‌പ്ലെയ്‌സ് വെബ്‌സൈറ്റ്‌ വഴി വില്‍ക്കാന്‍ സാധിക്കാതെ വരുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, അതുമാത്രമായിരിക്കില്ല, ടാറ്റയുടെ പ്രൈവറ്റ് ബ്രാന്‍ഡുകള്‍ വഴിയുള്ള ഉല്‍പന്നങ്ങളും വിറ്റഴിക്കല്‍ വിഷമമായേക്കുമെന്നും കമ്പനി പറയുന്നു. അതേമയം, നിയമങ്ങളെല്ലാം ഉപയോക്താക്കളെ സംരക്ഷിക്കാനാണെന്നും, അത് മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കടുത്തവയാണെന്നു തോന്നില്ലെന്നുമാണ് സർക്കാർനിലപാട്

Credit manzoor vatanapally

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??