27 വര്‍ഷത്തിനു ശേഷം ആമസോണിന് പുതിയ മേധാവി: ആരാണ് ആന്‍ഡി ജാസി?

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി എന്ന പദവിയില്‍ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് കഴിഞ്ഞ ദിവസാണ് സ്ഥാനമൊഴിഞ്ഞത്. പിന്നാലെ പുതിയ മേധാവി സ്ഥാനമേൽക്കുകയും ചെയ്തു. നേരത്തെ ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവര്‍ത്തിച്ച ആന്‍ഡി ജാസിയാണ് ഇനി ആമസോണിനെ നയിക്കുക. ജൂലൈ 5നാണ് ജാസി സ്ഥാനമേറ്റത്. ഈ ദിവസത്തിനു കമ്പനിയുടെ ചരിത്രത്തില്‍ ഒരു പ്രത്യേകത കൂടിയുണ്ട്- 1994ല്‍ ഇതേ ദിവസമാണ് ബെസോസ് ആമസോണ്‍ സ്ഥാപിക്കുന്നത്.

അതായത് ഏകദേശം 30 വര്‍ഷത്തോളം സ്വന്തം കമ്പനിയുടെ തലപ്പത്തിരുന്ന്, ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്വന്തമാക്കിയ ശേഷമാണ് ലോകത്തെ ഇന്നത്തെ ഏറ്റവും ധനികനായ ബെസോസ് സ്ഥാനമൊഴിയുന്നത്. ആ സ്ഥാനം അലങ്കരിക്കാനാണ് ആന്‍ഡി എത്തുന്നത്. ആമസോണിന്റെ കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ മൊത്തം ചുമതല വഹിച്ചിരുന്ന ജെഫ് വില്‍ക്കെ ആയിരിക്കും ഈ പദവിയിലെത്തുക എന്നാണ് മുന്‍ വര്‍ഷങ്ങളില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍, താന്‍ വിരമിക്കുകയാണെന്ന് ജെഫ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതോടെ ആന്‍ഡിയുടെ ഊഴം വരികയായിരുന്നു.

∙ ആന്‍ഡിയെ പരിപൂര്‍ണ വിശ്വാസമെന്ന് ബെസോസ്

ഏകദേശം താന്‍ ആമസോണില്‍ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആന്‍ഡി കമ്പനിക്കുള്ളില്‍ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏല്‍പ്പിക്കുന്നതില്‍ തനിക്ക് സമ്പൂര്‍ണ വിശ്വാസമാണെന്നും ബെസോസ് പറഞ്ഞു. 1968 ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ സ്‌കാര്‍സ്‌ഡെയിലിലാണ് ആന്‍ഡി ജനിച്ചത്. അവിടെത്തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആൻഡി ഹാര്‍വര്‍ഡില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം അങ്കത്തിനിറങ്ങുന്നത്. 1997ലാണ് ആന്‍ഡി ആമസോണില്‍ ചേരുന്നത്. 


jeff-besoz-andy

∙ എഡബ്ല്യൂഎസ് മേധാവി ഇനി ആമസോണ്‍ മേധാവി

കമ്പനിയിൽ മര്‍ക്കറ്റിങ് മാനേജര്‍ മുതലുള്ള വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് ആൻഡി. ആമസോണില്‍ ചേരുമ്പോള്‍ തന്റെ ജോലിയെന്തായിരിക്കുമെന്നോ ഏതു പദവിയിലിരിക്കുമെന്നോ ഒന്നും ഒരു നിശ്ചയവുമില്ലായിരുന്നു എന്ന് അദ്ദേഹം ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂളിന്റെ പോഡ്കാസ്റ്റില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. എന്നാല്‍, ആമസോണില്‍ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോണ്‍ വെബ് സര്‍വീസസ് തുടങ്ങിയത് ആന്‍ഡിയാണ്. അത് 2003ല്‍ ആയിരുന്നു. ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനവുമാണ്. എഡബ്ല്യൂഎസ് 2006 ല്‍ വീണ്ടും ലോഞ്ച് ചെയ്യുകയും, ആന്‍ഡി അതിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. ഇപ്പോള്‍ എഡബ്ല്യൂഎസ് പ്രതിവര്‍ഷം 4000 കോടി ഡോളർ വരുമാനമുണ്ടാക്കുന്നു. ഇതാകട്ടെ മൊത്തം ആമസോണ്‍ കമ്പനിയുടെ ലാഭത്തിന്റെ 60 ശതമാനത്തിലേറെ വരുമെന്ന് മെയില്‍ ഓണ്‍ലൈന്‍ പറയുന്നു. എന്നാല്‍ ആമസോണിന്റെ മൊത്തം വില്‍പനയുടെ 13 ശതമാനം മാത്രമാണ് എഡബ്ല്യൂഎസ് നടത്തുന്നത്. 

∙ ട്രംപിന്റെ പാര്‍ലെറിനെ പിഴുതെറിഞ്ഞതും ആൻഡി

ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടാതെ അടുത്തിടെ ആന്‍ഡി നടത്തിയ മറ്റൊരു നീക്കവും ശ്രദ്ധേയമായിരുന്നു. പാര്‍ലെര്‍ (Parler) എന്ന സമൂഹ മാധ്യമ ആപ്പിനെ എഡബ്ല്യൂഎസില്‍ നിന്നു പിഴുതുകളഞ്ഞതായിരുന്നു അത്. എഡബ്ല്യൂഎസ് അഥിധേയത്വം വഹിച്ചിരുന്ന ഈ മൈക്രോബ്ലാഗിങ് ആപ്പ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായികളുടെ വിഹാരകേന്ദ്രമായിരുന്നു. ഇതിലൂടെ പ്രചാരം നേടുന്ന ഉള്ളടക്കം നിയന്ത്രിക്കപ്പെടുന്നില്ല എന്നതായിരുന്നു ഇതിനെതിരെ തിരിയാന്‍ ആന്‍ഡിയെ പ്രേരിപ്പിച്ചത്. ഗൂഢാലോചനാ വാദക്കാരും വലതുപക്ഷ വാദക്കാരും പാര്‍ലെറില്‍ അഴിഞ്ഞാടുകയായിരുന്നു. അക്രമം പ്രോത്സാഹിപ്പിക്കുന്ന, വിദ്വേഷക ഭാഷണം പ്രചിരിപ്പിക്കുന്ന, ഗൂഢാലോചനാ വാദങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന ഈ വെബ് സേവനം ഇല്ലാതാക്കുക വഴി കരുത്തന്‍ ഇടപെടലാണ് ആന്‍ഡി നടത്തിയതെന്നു വാദിക്കുന്നവരും ഉണ്ട്.


amazon

∙ ആന്‍ഡിയുടെ ദി ചോപ്

ആന്‍ഡി കമ്പനിക്കുള്ളില്‍ നടത്തുന്ന മീറ്റിങ്ങുകളുടെ ഇരട്ടപ്പേരാണ് ദി ചോപ്പ്. അദ്ദേഹം കോളജ് പഠന കാലത്തു വായിച്ച ചാര്‍ട്ടര്‍ഹൗസ് ഓഫ് പാര്‍മ (Charterhouse of Parma) എന്ന പുസ്തകമാണ് ഈ ആശയത്തിനു പിന്നില്‍. പുതിയ ആശയങ്ങള്‍ക്കും മറ്റുമായി ആന്‍ഡി വിളിച്ചു ചേര്‍ക്കുന്ന മീറ്റിങ്ങുകളെയാണ് ദി ചോപ് എന്നു വിളിക്കുന്നത്. ചോപ്പ് എന്നു പറഞ്ഞാല്‍ വെട്ടിമുറിക്കുക, കൊത്തി നുറുക്കുക എന്നൊക്കെയാണ് അര്‍ഥം. ആന്‍ഡിയുടെ മീറ്റിങ്ങുകളില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തിരുന്നു. അത്തരത്തിലൊരു മീറ്റിങ്ങിലാണ് ട്രംപ് അനുയായികളുടെ പാര്‍ലെര്‍ പരിപാടി അവസാനിപ്പിച്ചത്. നേരത്തെ ദി ചോപ്പ് എന്നത് ആന്‍ഡിയുടെ കോണ്‍ഫറന്‍സ് റൂമിനു നല്‍കിവന്ന പേരാണെങ്കില്‍ ഇന്നത് അദ്ദേഹം വിളിച്ചു ചേര്‍ക്കുന്ന സുപ്രധാന പ്ലാനിങ് മീറ്റിങ്ങുകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമായി തീര്‍ന്നിരിക്കുന്നു. എഡബ്ല്യൂഎസിന്റെ ഒരുമുന്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് ദി ചോപ്പിനു പോകുമ്പോള്‍ നല്ല തയാറെടുപ്പു വേണമെന്നാണ്. അദ്ദേഹത്തിന് തന്റെ ടീമിനെ പരിപൂര്‍ണ വിശ്വാസമാണ്. എന്നാല്‍, മീറ്റിങ്ങിനെത്തുമ്പോള്‍ കാര്യമായ മുന്നൊരുക്കം തന്നെ നടത്തിയിരിക്കണമെന്ന് അദ്ദേഹം പറയുന്നു. നൂറു മൈല്‍ അകലെനിന്ന് ഒരു തുള്ളി രക്തം മണത്തറിയാവുന്നു സ്രാവിനെ പോലെയാണ് ആന്‍ഡി എന്നാണ് മുന്‍ സഹപ്രവര്‍ത്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

∙ ഇഷ്ടം തോന്നിക്കുന്ന പ്രകൃതം

ആന്‍ഡിക്കൊപ്പം ജോലിയെടുത്തവരെല്ലാം പറയുന്നത് അദ്ദേഹത്തിന്റേത് ഇഷ്ടം തോന്നിക്കുന്ന പ്രകൃതമാണ് എന്നാണ്. അതേസമയം, ജോലിക്കാര്യങ്ങളില്‍ കര്‍ക്കശക്കാരനും, വിട്ടുവീഴ്ചയില്ലാത്തവനുമാണ്. നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്ന ഏറ്റവും വിനീതനായ കമ്പനി മേധാവിയായിരിക്കും ആന്‍ഡിയെന്നാണ് മറ്റൊരു മുന്‍ ജോലിക്കാരന്‍ പറഞ്ഞത്. എന്നാല്‍, മണ്ടത്തരവുമായി എത്തുന്നവരെ അദ്ദേഹം വച്ചുപൊറുപ്പിക്കില്ലെന്നും മുന്‍ എഡബ്ല്യൂഎസ് ഡയറക്ടറായ സ്‌കോട്ട് ചാന്‍സലര്‍ പറയുന്നു. ദി ചോപ്പിന് എത്തുന്നവര്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നില്ലെങ്കില്‍ പെട്ടെന്നൊന്നും രണ്ടാമതൊരു അവസരം പ്രതീക്ഷിക്കേണ്ടന്നാണ് അദ്ദേഹം പറയുന്നത്.

∙ ഭാര്യ ഫാഷന്‍ ഡിസൈനര്‍

1997ലാണ് ആന്‍ഡി വിവാഹിതനാകുന്നത്. ഭാര്യ എലന റൊഷല്‍ കാപ്ലാന്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. അവര്‍ സിയാറ്റലില്‍, ക്യാപ്പിറ്റല്‍ ഹില്ലിനടുത്ത പ്രദേശത്തായി 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്നു. ഈ വീട് അവര്‍ 2009 ല്‍ 3.15 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബെസോസിന്റെ കലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലുള്ള ബെവര്‍ലി ഹില്‍സ് വീടിനടുത്തും ആന്‍ഡിക്ക് മറ്റൊരു വീടുണ്ട്. ഇത് 5,500-ചതുരശ്ര അടി വരും. ബെസോസിന്റെ വീടിന് 165 ദശലക്ഷം ഡോളറാണ് വിലയെങ്കില്‍ ആന്‍ഡി 2020ല്‍ വാങ്ങിയ വീടിന് 6.7 ദശലക്ഷം ഡോളറാണ് വില നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

∙ ആസ്തി 377 ദശലക്ഷം ഡോളർ, കായിക പ്രേമി

2020 നവംബറില്‍ പുറത്തുവന്ന കണക്കു പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 377 ദശലക്ഷം ഡോളറാണ്. താനൊരു വലിയ കായിക,സിനിമാ,സംഗീത പ്രേമിയാണെന്നാണ് അദ്ദേഹം ട്വിറ്റര്‍ ബയോയില്‍ കുറിച്ചിരിക്കുന്നത്. സിയാറ്റില്‍ ക്രാക്കന്‍ ഹോക്കി ടീമില്‍ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. അതിവിസ്തൃതമായ ആമസോണ്‍ ബിസിനസ് മഹാസാമ്രാജ്യത്തിന്റെ അധിപനായി കഴിഞ്ഞും തനിക്ക് കായിക മത്സരങ്ങള്‍ ആസ്വദിക്കാനും മറ്റുമുള്ള സമയം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡി.

Credit: manzoor vatanapally

Comments

Popular posts from this blog

#പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും; ഉല്ലാസം സിനിമയുടെ പ്രൊജക്റ്റ് ഡിസൈനറുടെ വാക്കുകൾ ശ്രദ്ധ നേടുന്നു***

പഴുതാര (കലക്കുന്നൻ) വിഷം..

നിങ്ങളാണോ മാതൃത്വത്തിന്റെ മഹത്വം വിളബുന്നവർ.. ??