Thursday, June 12, 2025

100 കോടി യാത്രക്കാർ, വൻദുരന്തം ആദ്യത്തേത്; അത്യാധുനിക സംവിധാനങ്ങളുള്ള ബോയിങ് ഡ്രീംലൈനര്‍ വിമാനത്തെക്കുറിച്ച് കൂടുതലറിയാം

100 കോടി യാത്രക്കാർ, വൻദുരന്തം ആദ്യത്തേത്; അത്യാധുനിക സംവിധാനങ്ങളുള്ള ബോയിങ് ഡ്രീംലൈനര്‍ വിമാനത്തെക്കുറിച്ച് കൂടുതലറിയാം
അഹ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കകം ബോയിങ് വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. അതിസുരക്ഷാ സംവിധാനങ്ങളുള്ള ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകർന്നത് ആഗോളതലത്തിൽ തന്നെ ആശങ്കയായിട്ടുണ്ട്. ലോകത്തെ പ്രമുഖ വിമാനക്കമ്പനികളുടെയെല്ലാം വിശ്വസ്ത വിമാനമാണിത്. ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക വിമാനമാണ് ബോയിങ്ങിന്‍റെ ഡ്രീംലൈനർ.


കൂടുതൽ ഇന്ധന ക്ഷമതയും യാത്രാസുഖവും ലക്ഷ്യമിട്ട് നിർമിച്ച ഡ്രീംലൈനറിന് മൂന്ന് വേരിയന്‍റുകളാണുള്ളത്. 787-8, 787-9, 789-10 എന്നിവയാണവ. 2009ലാണ് ബോയിങ് 787-8 പുറത്തിറക്കിയത്. 2011ൽ ഹോങ്കോങ്ങിൽനിന്ന് ടോക്യോയിലേക്കാണ് ഈ വിമാനം യാത്രക്കാരെ വഹിച്ച് ആദ്യമായി പറന്നത്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച വിമാനത്തിൽ ഒരേസമയം 256 പേർക്ക് പേർക്ക് യാത്രചെയ്യാം. 50 വർഷത്തെ ആയുസ്സാണ് വിമാനത്തിന് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.



ആഗോളതലത്തിൽ 2500ലേറെ ബോയിങ് 787 വിമാനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 47 എണ്ണമാണ് എയർ ഇന്ത്യ വാങ്ങിയത്. ഡിസൈനിലെ സവിശേഷതയും ഭാരക്കുറവും വിമാനത്തിന് കൂടുതൽ ഇന്ധനക്ഷമത നൽകുന്നു. സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനാൽ ദീർഘദൂരത്തേക്ക് യാത്ര ചെയ്യേണ്ടവർ ഡ്രീംലൈനറിനെ തെരഞ്ഞെടുക്കുന്നത് പതിവാക്കിയതോടെ വിമാനത്തിന് ഡിമാൻഡ് കൂടി. ഭൂഖണ്ഡാനന്തര യാത്രകൾക്ക് കൂടുതൽ കമ്പനികൾ ഡ്രീംലൈനർ രംഗത്തിറക്കി.


57 മീറ്റർ നീളവും 60 മീറ്റർ വീതിയും 17 മീറ്റർ ഉയരവുമുള്ളതാണ് അപകടത്തിൽപ്പെട്ട ബോയിങ് 787-8 വിമാനം. 2014 മുതലാണ് എയർ ഇന്ത്യ ഈ വിമാനം ഉപയോഗിക്കുന്നത്. അഹ്മദാബാദ് ദുരന്തത്തിന് മുമ്പ് കാര്യമായ ഒരു അപകടത്തിലും ഡ്രീംലൈനർ പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ 2021ലും ’22ലും ബോയിങ് വിമാനത്തിന്‍റെ നിർമാണത്തിൽ ചില പോരായ്മകളുണ്ടെന്ന് അവരുടെ എൻജിനീയർ സാം സൽഹേപുർ വെളിപ്പെടുത്തിയിരുന്നു. കമ്പനി ചില ‘ഷോർട്ട് കട്ടുകൾ’ സ്വീകരിച്ചു എന്നായിരുന്നു ആരോപണം.
വിമാനത്തിന്‍റെ പല ഭാഗങ്ങളും കൂടിച്ചേർക്കുമ്പോൾ വിടവുകൾ ശരിയായി അടയ്ക്കാൻ പറ്റുന്നില്ല എന്നതായിരുന്നു ആരോപണങ്ങളിലൊന്ന്. വിമാനങ്ങൾ പഴകുമ്പോൾ ഇത് ദുരന്തത്തിന് കാരണമായേക്കുമെന്നും സാം സൽഹേപുർ പറഞ്ഞു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും ബോയിങ്ങും ഇക്കാര്യം അന്വേഷിച്ചു. വിമാനങ്ങളുടെ വിതരണം താൽക്കാലികമായി നിർത്തിയ കമ്പനി, പിന്നീട് തകരാറുകൾ പരിഹരിച്ചെന്ന് അറിയിച്ചു.

ഈ വർഷമാദ്യം യുണൈറ്റഡ് എയർലൈൻസിന്‍റെ ഡ്രീംലൈനർ വിമാനം പറക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു മുമ്പ് 2021ൽ ബ്രിട്ടീഷ് എയർവേസിന്‍റെ ഡ്രീംലൈനറിന്‍റെ മുൻഭാഗം തകർന്ന് സഹപൈലറ്റിനും കാർഗോ ജീവനക്കാരനും പരിക്കേറ്റിരുന്നു. 14 വർഷംകൊണ്ട് ലോകത്താകമാനം നിരവധി സർവീസുകളിലായി 100 കോടി യാത്രക്കാരെ ഡ്രീംലൈനർ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. എന്നാൽ അഹ്മദാബാദിലെ ദുരന്തം വ്യോമയാന മേഖലയിലാകെ ആശങ്ക പടർത്തുന്നതാണ്.

No comments:

Post a Comment